കോവിഡ് കാലത്ത് ആയുര്‍വേദസമൂഹം എന്തു ചെയ്യുന്നു

കോവിഡ് കാലത്ത് ആയുര്‍വേദസമൂഹം എന്തു ചെയ്യുന്നു

ഡോ. രാജേഷ് നീലമന, ഡോ. നജ്മ മോള്‍ കെ. 



ലോകത്ത് കോവിഡ് – 19 ബാധിച്ച ഇന്നലെ വരെ മരണപ്പെട്ടത് നാല്പത് ലക്ഷത്തോളം ആളുകളാണ്. ഇതിൽ നാല് ലക്ഷത്തോളം ആളുകള്‍  ഇന്ത്യക്കാരാണ്. വേണ്ട യഥാര്‍ത്ഥ ചികിത്സ കിട്ടാതെ, ഓക്സിജന്‍ കിട്ടാതെ, ആശുപത്രികളില്ലാതെ, വേണ്ടത്ര ഡോക്ടര്‍മാരില്ലാതെ മരിച്ച ധാരാളം പേരും ഇതിൽപ്പെടുന്നു. ആരോഗ്യരംഗത്ത് ഇനിയും ആസൂത്രണവും മുന്നൊരുക്കങ്ങളും വേണമെന്നതിലേക്കാണ് ഈ അവസ്ഥ വിരല്‍ ചൂണ്ടുന്നത്.

 

കേരളത്തിലെ ആരോഗ്യ മേഖലയാകട്ടെ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി, വളരെ ഉയര്‍ന്ന നിലവാരം പുലർത്തി വരുന്നു. പല ആരോഗ്യ സൂചികകളിലും നമ്മുടെ സ്കോര്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നവയാണ്.  കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന സാംക്രമിക രോഗങ്ങളും ജീവിത ശൈലീ രോഗങ്ങളും മാനസിക രോഗങ്ങളും മാനസിക വൈകല്യങ്ങളുമെല്ലാം ആ ഒരു ഉന്നത അവസ്ഥയ്ക്ക് നിരന്തരം ഭീഷണി ആയിക്കൊണ്ടേയിരിക്കുന്നുവെങ്കിലും അവയെല്ലാം അഭിമാനകരമാം വിധം നേരിട്ടു കൊണ്ട് ഇന്ത്യയുടെ തന്നെ അഭിമാനമായി തുടരുന്ന സംസ്ഥാനമാണ് കേരളം. താഴെത്തട്ട് വരെ എത്തുന്ന ആരോഗ്യ സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത ആശമാരിലൂടെയുള്ള സാമൂഹിക ആരോഗ്യ പ്രവരത്തനങ്ങളും ഇതിന് ഏറെ സഹായകാരമാവുന്നുണ്ട്. എന്നിട്ടും കോവിഡ് 19 കേരളത്തെയും സാരമായി തന്നെ ബാധിച്ചു. ജനസാന്ദ്രതയില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലായതു കൊണ്ട്, കേരളത്തില്‍ കോവിഡ് വളരെ വേഗത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ സൃഷ്ടിച്ചു.

ആരോഗ്യ മേഖല ഒട്ടാകെ ഒരുമിച്ച് ഒറ്റ മനസ്സോടെ, ആത്മ വിശ്വാസത്തോടെ പ്രവർത്തിച്ച്, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കേണ്ട ഈ സമയത്ത് പക്ഷേ, വ്യത്യസ്ത വൈദ്യ ശാസ്ത്രങ്ങള്‍ തമ്മില്‍ ആശാവഹമായ ഒരു യോജിപ്പുണ്ടായില്ല എന്നത് ദൌർഭാഗ്യകരമാണ്.

കോവിഡ് സൃഷ്ടിച്ച അടിയന്തിര സാഹചര്യങ്ങള്‍ പോലും മുഖവിലക്കെടുക്കാതെ ആയുർവേദം പോലുള്ള സമാന്തര വൈദ്യ ശാസ്ത്രങ്ങളോട് ആധുനിക ചികിത്സാ ശാഖയുടെ വക്താക്കള്‍ പരസ്യമായി വാക് പോരുകള്‍ നടത്തുകയും ഒരു വൈദ്യശാസ്ത്രം എന്ന നിലയിലുള്ള കടമ നിര്‍വഹിക്കാന്‍ അനുവദിക്കാതെയും ഇരുന്നു എന്നത് സങ്കടകരമായ കാര്യമാണ്. ആയുർവേദം ഉൾക്കൊള്ളുന്ന ഒരു പ്രത്യേക മന്ത്രാലയം (ആയുഷ് മന്ത്രാലയം) നിലവില്‍ വന്നിട്ട് ഏഴ് വർഷത്തിലധികമാവുമ്പോഴും, ലോകാരോഗ്യ സംഘടന വരെ ആയുർവേദത്തെ സമാന്തര വൈദ്യശാസ്ത്രശാഖയായി അംഗീകരിക്കുമ്പോഴും ജനകീയമായ ഈ വൈദ്യശാസ്ത്രം ഇന്നും ഇകഴ്ത്തലുകള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. എങ്കിലും, ഒട്ടനവധി മാറ്റിനിർത്തലുകളുണ്ടായിട്ടും, ഈ കോവിഡ് കാലത്ത് ആയുർവേദ സമൂഹം ജാഗരൂഗരായി പ്രവർത്തിക്കുക തന്നെ ചെയ്തു എന്നതാണ് പൊതുവായ വിലയിരുത്തല്‍.

എന്ത് ചെയ്തു:

തുടക്കത്തില്‍ അത്രയധികം ഭയാശങ്കകള്‍ ഉണ്ടാക്കിയതിനാലും ഇത്തരം ഒരു പകര്‍ച്ച വ്യാധിയെ നേരിട്ട് പരിചയം ഇല്ലാത്തത്തിനാലും തുടക്കത്തില്‍ ആയുർവേദ സമൂഹത്തിൽ ഒരു ചെറിയ ആശങ്ക ഉണ്ടായെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളില്‍ തന്നെ മറ്റ് വൈദ്യ ശാസ്ത്രങ്ങളോടൊപ്പം പൊതുജനാരോഗ്യ മേഖലയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ഊർജം ആയുർവേദ സമൂഹം നേടിയെടുത്തു.

സര്‍ക്കാര്‍ – സ്വകാര്യ ആയുർവേദ ഡോക്ടര്‍മാരും, ഗവേഷകവിഭാഗവും,  ആയൂർവേദ വിദ്യാർഥികളും, മരുന്ന് വ്യവസായ മേഖലയും എല്ലാം ചേര്‍ന്ന സ്റ്റേറ്റ് ആയുര്‍വേദ കോവിഡ് റെസ്പോണ്‍സ് സെല്ലിന് (എസ് എ സി ആര്‍ സി) കേരള സര്‍ക്കാര്‍ നേരിട്ട് രൂപം നല്‍കി. തദ്വാരാ കോവിഡ് പ്രതിസന്ധിയെ എങ്ങനെ നേരിടണം എന്നതിന് വ്യക്തമായ പ്ലാനുണ്ടാക്കുകയും അത് സര്‍ക്കാരിന് സമർപ്പിക്കുകയും ചെയ്തു. അന്നത്തെ സാഹചര്യം തീര്‍ത്തും ഭയപ്പെടുത്തുന്നതായത് കൊണ്ടു തന്നെ, മുന്നോട്ട് വെച്ച പദ്ധതികള്‍  എല്ലാം അംഗീകരിക്കപ്പെട്ടില്ല. എങ്കിലും, പ്രതിഷേധങ്ങള്‍ ഒന്നും വക വെക്കാതെ മുഖ്യമന്ത്രി, പ്രതിരോധത്തിന് ആയുർവേദം ഉപയോഗിക്കാം എന്നു പ്രഖ്യാപിക്കുകയും ചെറുപ്രായക്കാര്‍ക്ക് വേണ്ടി സ്വാസ്ഥ്യം, മുതിര്‍ന്നവര്‍ക്കായി സുഖായുഷ്യം എന്നിങ്ങനെ രണ്ടു പദ്ധതികള്‍ക്ക് അനുമതി നലകുകയും ചെയ്തു.

മന്ത്രിസഭാ തലത്തില്‍ കിട്ടിയ ആ അംഗീകാരം നല്‍കിയ ആത്മവിശ്വാസമാണ് നാളിതു വരെ മൂന്നു ലക്ഷത്തിലധികം രോഗികളിലേക്ക് ചികിത്സയായും  പ്രതിരോധമായും ആത്മവിശ്വാസമായും  എല്ലാം എത്തിക്കാനായത്. സ്വാസ്ഥ്യം പദ്ധതി അറുപത് വയസ്സിനു താഴെയുള്ള ഉള്ള, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്ക് രോഗ പ്രതിരോധത്തിനും സുഖായുഷ്യം അറുപത് കഴിഞ്ഞവർക്ക് അനുബന്ധ രോഗങ്ങളുണ്ടെണ്ടെങ്കില്‍ അതിനനുസരിച്ചും അല്ലാത്തവര്‍ക്ക് പ്രതിരോധത്തിനും മരുന്ന് നൽകാനുള്ള  പദ്ധതികളായിരുന്നു.

കേരളത്തിൽ ആധുനിക വൈദ്യമേഖലയെ  അപേക്ഷിച്ച് ആയുർവേദ മേഖലയില്‍ മാനവവിഭവശേഷി കുറവായതിനാൽ, ജനങ്ങളിലേക്ക് ചികിത്സയും മരുന്നുകളും എത്തിക്കുക എന്നത് നന്നേ പ്രയാസമുള്ള  കാര്യമായിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നിസ്സീമമായ  സഹകരണം, മുമ്പ് പലപ്പോഴും എന്ന പോലെ ഇക്കാര്യത്തിലും ഉണ്ടായി. അവയെ കേന്ദ്രീകരിച്ച്, ഓരോ പഞ്ചായത്തിലെയും ഭരണസമിതിയുടെ നേതൃത്വത്തില്‍ ആയുർവേദ ഉദ്യോഗസ്ഥരുടെ കീഴില്‍ ആയുർവേദ വിദ്യാർഥികളെയും,  ദ്രുത കര്‍മ സമിതി അംഗങ്ങളെയും (ആര്‍ ആര്‍ ടി), ആശ പ്രവര്‍ത്തകരെയും വാർഡ് അംഗങ്ങളെയും ഉൾപ്പെടുത്തി ആയുര്‍ രക്ഷാ ടാസ്ക് ഫോഴ്സ് രൂപീകരികുകയും, നിതാന്ത പരിശ്രമത്തിലൂടെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുവാുനും കഴിഞ്ഞു.

 

പ്രസ്തുത പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനൊടുവിൽ കാര്യങ്ങള്‍ക്ക് അല്പം അയവു വരികയും കൂടുതല്‍ മേഖലകളില്‍ ഇടപെടുന്നതിന് ആയുര്‍വേദത്തിന് അനുമതി ലഭിക്കുകയും ചെയ്തു. ദീർഘദൃഷ്ടിയോടെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്ന ആയുർവേദ സമൂഹം വളരെ പെട്ടെന്നു തന്നെ, പ്രതിസന്ധികള്‍ വകവെക്കാതെ, ഓരോ പദ്ധതികളും താഴെത്തട്ടിലേക്ക് എത്തിക്കുകയുണ്ടായി. നിരീക്ഷണത്തിൽ (ക്വാറന്‍റൈന്‍) ഉള്ളവർക്ക് ആയി അമൃതം പദ്ധതിയും, കോവിഡ് രോഗ മുക്തർക്ക് തുടര്‍ രോഗങ്ങളുണ്ടാവാതിരിക്കാന്‍ പുനർജനി പദ്ധതിയും നടപ്പിലാക്കപ്പെട്ടു. വളരെ വ്യത്യസ്തവും വിശേഷപ്പെട്ടതുമായി വിഭാവനം ചെയ്യപ്പെട്ട പുനര്‍ജനി പദ്ധതിയിലൂടെ 4 ലക്ഷത്തോളം കോവിഡ് ബാധിതരെ പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. കോവിഡ് മുക്തരായവരിലെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് ഇത്ര ദീര്‍ഘദൃഷ്ടിയോടെ വിഭാവനെ ചെയ്യപ്പെട്ട പദ്ധതികള്‍ വേറെ ഇല്ലെന്നു തന്നെ പറയാം.

ലോകത്ത്  തന്നെ ആദ്യമായിട്ടാവണം ഒരു വൈദ്യശാസ്ത്രം വിപുലമായി കോവിഡനന്തര പ്രശ്നങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ഒരു ആരോഗ്യ പദ്ധതി വിഭാവനം ചെയ്യുന്നതും നടപ്പാക്കുന്നതും. ഇന്നും ആയുര്‍വേദ വിഭാഗം ഏറെ മുന്നേറുന്ന മേഖലയാണ് ഇത്. തുടര്‍ന്ന് കാറ്റഗറി എ രോഗികളെ ചികിത്സിക്കാനുള്ള ഭേഷജം എന്ന പദ്ധതിയിലൂടെ മൂന്നു ലക്ഷത്തോളം  രോഗികളെ കോവിഡ് മുക്തരാക്കാനും കഴിഞ്ഞു എന്നത് ആയുർവേദം ഈ കോവിഡ് കാലത്ത് കാണിച്ച നിതാന്ത ജാഗ്രതയുടെ ആകെത്തുകയാണ്.

 

പ്രതികൂല സാഹചര്യങ്ങൾ നിരവധി

മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തത് തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ തന്നെയായിരുന്നു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പത്രസമ്മേളനങ്ങളും,  സൈബർ  ആക്രമണങ്ങളും ആയുർവേദത്തിനെതിരെ നിരന്തരം നടന്നു കൊണ്ടേയിരുന്നു.   പൊതുജന്യരോഗ്യമേഖലയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ തന്നെ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍  വിജയകരമായി പ്രയോഗിക്കുകയും ഏറെ സ്വീകരിക്കപ്പെട്ടതുമായ  അപരാജിത ധൂമം ഉപയോഗിക്കുന്നതിനെതിരായി സംഘടിത ശ്രമങ്ങള്‍ ഉണ്ടായെങ്കിലും വിവിധ ആയുർവേദ സംഘടനകളുടെ അവസരോചിതമായ ഇടപെടലുകള്‍ വഴി ഇത് ഒരു പരിധി വരെ തടയാന്‍ സാധിച്ചു. ആയുര്‍വേദരീതികള‍ുടെ ഗുണഫലങ്ങള്‍ ഏറെ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന പൊതുജനങ്ങളുടെ ക്രിയാത്മക ആരോഗ്യ ബോധവും ഇതില്‍ ഏറെ നിര്‍ണ്ണായകമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം ആയുർവേദ മരുന്നുകളുടെ വില്പന മുമ്പില്ലാത്ത വിധം വർദ്ധിച്ചിട്ടുണ്ട്. ബാലിശങ്ങളായ ആരോപണങ്ങള്‍ക്കും ജല്പനങ്ങള്‍ക്കും ജനങ്ങള്‍ എന്ത് വിലയാണ് നല്കിയിട്ടുള്ളത് എന്നതിന്‍റെ സാധൂകരണമാണ് ഇത്.

എല്ലാ വൈദ്യശാസ്ത്രങ്ങളും കോവിഡ് ചികിത്സ ഏറെ പരീക്ഷണാടിസ്ഥാനത്തില്‍ തനെനയാണ് നടത്തുന്നത് എന്ന വസ്തുത നിലനില്‍ക്കെ തന്നെ, ആയുര്‍വേദ സാധ്യതകളെ പരിഗണണിക്കാനേ പാടില്ലെന്നും വാദങ്ങളുണ്ടായി.

മറ്റൊരു രസകരമായ ആരോപണം രോഗ പ്രതിരോധശേഷിയും ആയുര്‍വേദവും എന്ന വിഷയത്തിലായിരുന്നു. ദഹനസംവിധാനം മെച്ചപ്പെടുത്തിയതു കൊണ്ടോ, ഭക്ഷണ വ്യായാമ ചര്യകളില്‍ മിതത്വം  പാലിച്ചത്  കൊണ്ടോ ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്നതു കൊണ്ടോ കൂട്ടാവുന്നതോ കൂട്ടേണ്ടതോ ആയ ഒന്നല്ല രോഗ പ്രതിരോധ ശേഷി എന്നതായിരുന്നു അത്. അത് വാസ്തവം തന്നെയാണ്. ശരീരത്തിന്‍റെ വര്‍ദ്ധിച്ച രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അണുക്കളോടുള്ള ശരീരത്തിന്‍റെ അമിത പ്രതികരണം സൃഷ്ടിക്കുകയും രോഗകാരിയാവുകയും ചെയ്യുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയവും,  കേരളത്തിലെ ആയുഷ് വകുപ്പും പുറത്തിറക്കുന്ന ആരോഗ്യ നിര്‍ദേശങ്ങളില്‍ വളരെ വ്യക്തമായി രോഗപ്രതിരോധശേഷി വീണ്ടെടുക്കാനെന്നും രോഗപ്രതിരോധശേഷി നിലനിർത്താനെന്നും കൃത്യമായിത്തന്നെ പറയുന്നുണ്ട്. പ്രതിരോധം മെച്ചപ്പെടുത്താനെന്നല്ലാതെ,  അത് വര്‍ധിപ്പിക്കാന്‍ എന്നു അവകാശപ്പെടാന്‍ ഒരു ഘട്ടത്തിലും ആയുർവേദ ഡോക്ടർമാരോ സംഘടനകളോ ശ്രമിച്ചിട്ടില്ല.

ആയുര്‍വേദ പ്രതിരോധ മാര്‍ഗ്ഗങ്ങളും ചികിത്സകളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അപകടകരമാം വിധം മാറ്റുന്നതിനല്ല, ശരീരത്തിന്‍റെ ആന്തരികമായ സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതു വഴി രോഗ പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനാണ് സഹായിക്കുന്നത്.

ഏതു അണുജന്യരോഗത്തിലുമെന്ന പോലെ, ഇവിടെയും രോഗകാരികളായ അണുക്കളെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതില്‍ നിന്നും ചെറുക്കുന്നതിന് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി ഏറെ അത്യാവശ്യമാണ്. ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ ക്രമപ്പെടുത്തുന്നതിനൊപ്പം ആയുര്‍വേദ മരുന്നുകള്‍ കൂടി ആവുമ്പോള്‍ ഇത് സാധ്യമെന്നത് പകല്‍ പോലെ വ്യക്തം. കോവിഡ് 19 ന്‍റെ കാര്യത്തില്‍ രോഗത്തിന്‍റെ അടുത്ത ഘട്ടത്തിലും രോഗാനന്തരവുമാണ് ശരീരത്തിന്‍റെ അമിത പ്രതികരണം അപകടം ചെയ്യുന്നത്. ഇവിടെയൊക്കെ ഉപയോഗിക്കപ്പെടുന്ന ആയുര്‍വേദ ഔഷധങ്ങള്‍ എല്ലാം തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവ (ഇമ്യൂണോ ബൂസ്റ്റര്‍) അല്ല, മറിച്ച് പ്രതിരോധ സംവിധാനത്തെ പാകപ്പെടുത്തുന്നവ (ഇമ്യൂണോ മോഡുലേറ്റര്‍) ആണ്.. എന്നിട്ടും എത്ര പൊള്ളയായ പ്രസ്താവനകളുടെ മുകളിലാണ് വാദ  പ്രതിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്നത് അതിശയമാണ്.

പല ഘട്ടങ്ങളില്‍ പല രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയർത്തിയിട്ടും, തീരെ കുറഞ്ഞ മാനവ വിഭവ ശേഷിയില്‍, ഒന്നിനും തികയാത്ത സാമ്പത്തിക വിഭവങ്ങള്‍ ഉപയോഗിച്ച്, വിദ്യാര്‍ത്ഥികളെയും സ്വകാര്യ ഡോക്ടര്‍മാരെയും കൂട്ടു പിടിച്ച്, അത്രയധികം പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങള്‍ക്ക് ആരോഗ്യം നല്കാൻ ഈ മേഖല ശ്രമിച്ചു കൊണ്ടേ ഇരുന്നിട്ടുണ്ട് എങ്കിൽ അത് പറയുന്നത്  എന്തു കൊണ്ട് ആയുർവേദം അതിജീവനത്തിന്‍റെ മഹാവൈദ്യമായി എന്ന ചോദ്യത്തിന്‍റെ  ഉത്തരമാണ്.

ആയുർവേദം ശാസ്ത്രീയമാണോ?

നൂറ്റാണ്ടുകളോളം നിലനിന്നു എന്നതോ, ജനകീയമാണ് എന്നതോ ഒന്നും ആയുർവേദത്തിന്‍റെ ശാസ്ത്രീയത തെളിയിക്കുന്ന ഒന്നാണ് എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്നു കൊണ്ട് പറയുന്നതില്‍ അര്‍ഥമില്ല. തീര്‍ച്ചയായും പഠനങ്ങളില്ലാതെ, ശാസ്ത്രലോകത്തിനു മുന്നില്‍ വേണ്ടുന്ന തെളിവുകള്‍ നിരത്താതെ,  കേവല വാദങ്ങളോ  അനുഭവസാക്ഷ്യങ്ങളോ മതിയാവില്ല എന്നതും അംഗീകരിക്കുന്നു. എന്നാല്‍ ആരോഗ്യ മേഖലയ്ക്ക് അനുവദിക്കുന്ന ബജറ്റ് തുകയുടെ തീരെ ചെറിയ ഭാഗം മാത്രം നൽകപ്പെടുന്ന, മാനവ വിഭവ ശേഷിയില്‍ ഒരുപാട് പിന്നിലായ ഒരു വൈദ്യശാസ്ത്രത്തിൽ നിന്നും എന്തു തരത്തിലുള്ള അന്താരാഷ്ട്ര പഠനമാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇതര മുന്‍നിര വൈദ്യശാസ്ത്രങ്ങളിലെ ഗവേഷണങ്ങളില്‍ സിംഹഭാഗവും വിദേശങ്ങളില്‍ നടന്നവയാണ്, അല്ലാതെ നമ്മുടെ നാട്ടില്‍ നടന്നവയല്ല. ആയുര്‍വേദമെന്ന തദ്ദേശീയ സമ്പ്രദായത്തെ തള്ളുന്നതിനോ കൊള്ളുന്നതിനോ ആവട്ടെ, ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. അത് ഇവിടെ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ താനും.

കൃത്യമായ മുന്നൊരുക്കങ്ങളോടെ സമര്‍പ്പിക്കപ്പെട്ട പഠനങ്ങൾക്കുള്ള ഗവേഷണാനുമതി പോലും പലപ്പോഴും നിഷേധിക്കപ്പെടുകയും, വേണ്ടുന്ന ലാബുകളോ മറ്റ് സൌകര്യങ്ങളോ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ആ മേകലയില്െ ഗവേഷണങ്ങള്‍ മന്ദീഭവിച്ചു പോയതായിരിക്കാം. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ഇയ്യിടെയായി ആയുഷ് വകുപ്പിനു കീഴില്‍ കേന്ദ്രതലത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുകയും അവ ശ്രദ്ധ നേടുകയും ചെയ്തു. ആയുർവേദം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന് ഔദ്യോഗികമായി ഭാരത സർക്കാർ  പ്രഖ്യാപിക്കുകയും ചെയ്തത് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. വേണ്ട വിധത്തില്‍ സാമ്പത്തിക മാനവവിഭവങ്ങളും ഔദ്യോഗിക സഹായങ്ങളും ലഭിച്ചാല്‍, കൃത്യമായ ഡോക്യുമെന്‍റേഷനുകള്‍ നടത്താനും, പഠനങ്ങള്‍ നടത്താനും അത് തെളിയിക്കാനും കെൽപ്പും സന്നദ്ധതയും ഇവിടത്തെ ആയുർവേദ സമൂഹത്തിന്നുണ്ട് എന്നതിനുള്ള തെളിവാണ് ഇത്.

 

ശരികളിലേക്ക്

കോവിഡ് ബാധിതരില്‍ കിതപ്പ്, കൈ കാല്‍ കഴപ്പ്, സന്ധി വേദനകള്‍ തുടങ്ങി തലച്ചോറില്‍ വരെ വ്യതിയാനങ്ങള്‍ കാണുന്നതായും പഠനങ്ങളും നിരീക്ഷണങ്ങളും വന്നു കൊണ്ടിരിക്കുന്നു. ആയുര്‍വേദ ചികിൽസ എടുക്കുന്നവര്‍ക്ക് ആശുപത്രി വാസം ഏറെക്കുറെ ഒഴിവാക്കാനാവുന്നു എന്നതും രോഗ പ്രതിരോധ ശേഷിയില്‍ കുറവ് വരാതെ തന്നെ കോവിഡിനോട് പൊരുതാനാവുന്നു എന്നതുമാണ് ഒറ്റനോട്ടത്തിലെ വിലയിരുത്തല്‍. ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ പഠനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ കേരളത്തിനകത്തും ഇന്ത്യയിൽ ഒട്ടാകെയും നടന്നു വരുന്നുണ്ട്. എല്ലാ മേഖലകളിൽ നിന്നും കൃത്യമായ സഹകരണം ലഭിച്ചാല്‍ കോവിഡ് 19 ചികിത്സാ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ ആയുർവേദം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1978 ല്‍ അല്‍മ അറ്റ പ്രഖ്യാപനത്തിലൂടെ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത എല്ലാവര്‍ക്കും ആരോഗ്യം എന്ന സ്വപ്നം ഇന്നും നമുക്ക് ഏറെ അകലെയാണ്. ഇത് ഭാവിയിലെങ്കിലും യാഥാര്‍ഥ്യമാകണമെങ്കില്‍ മനുഷ്യന്‍ മാത്രം നന്നായാല്‍ പോരെന്നും ചുറ്റുമുള്ള പ്രകൃതിയും ജീവജാലങ്ങളുമൊക്കെ സമരസപ്പെട്ട് എല്ലാം ചേര്‍ന്ന സമതുലിതാവസ്ഥ (വണ്‍ ഹെല്‍ത്ത്) വേണമെന്നുമുള്ള ചിന്തകളില്‍ നിന്നാണ് ഐക്യരാഷ്ട്രസഭ പതിനേഴ് സുസ്ഥിര വികസനലക്ഷ്യങ്ങളിലേക്ക് എത്തിയത്. നിപയും കോവിഡും അടക്കമുള്ള ചെറുതും വലുതുമായ പുതുരോഗങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല. ആരോഗ്യം എന്ന വിഷയം സംബന്ധിച്ച നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും ഇനിയുമേറെ വിശാലമാകേണ്ടതുണ്ട്. ഓരോ നാടുകളിലും തദ്ദേശീയമായി വികസിച്ച അറിവുകളെ ഉപയോഗപ്പെടുത്തുന്നതിന് ശ്രമിച്ചേ തീരൂ. ആയുര്‍വേദത്തിന്‍റെ കാര്യത്തില്‍ ഇത് ചെയ്യേണ്ടത് നമ്മളാണ്.

 

ഡോ. രാജേഷ് നീലമന

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

ഗവ. ആയുര്‍വേദ ഡിസ്പന്‍സറി

എടച്ചേരി

ഡോ. നജ്മ മോള്‍

കളപ്പാട്ടില്‍

പുത്തനത്താണി

മലപ്പുറം

9447541819

9745440885

rajeshndr@gmail.com

najmamolk@gmail.com

ഓട്ടിസബാധിതരുടെ രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്തകം ആയ് എന്‍റെ കുട്ടി എന്‍റെ അഭിമാനം എന്ന പുസ്തകത്തിന്‍റെ സഹ രചയിതാക്കള്‍

#covid_ayurveda
#ayurveda_for_covid

#4abetterworld


Comments

Post a Comment